Wednesday, April 1, 2009

അയ്യോ

1
ചത്തുകഴിഞ്ഞിട്ടും
ഈ വരാലിന്
എന്തൊരു വഴുവഴുപ്പ്!
കത്തിയ്ക്ക് പിടി തരുന്നില്ല.
ചാവും മുന്‍പേ
അതിന്റെ കൊഴുപ്പുസഞ്ചി
മുഴുവന്‍ അഴിച്ചുവിട്ടിരിക്കണം.
നീര്‍പ്പാമ്പുകളോടും
പെരുമീനുകളോടും
മാത്രമായിരുന്നു,പാവം
അതിന്റെ കൊഴുത്ത പ്രതിരോധ പദ്ധതി.
കുരലിലള്ളിപ്പിടിച്ച
ചൂണ്ടയോടെന്തു ചെയ്യാന്‍?

2

സൂക്ഷിച്ചു നോക്കിയാല്‍ മാത്രം
കാണുന്ന
മുള്ളുകൊണ്ടുകുത്തി
ചില ചെറുമീനുകള്‍
മരണത്തിന്റെ വായില്‍ നിന്ന്
എത്രയോ രക്ഷപ്പെട്ടിരിക്കുന്നു.
ഒരിക്കല്പോലും കുത്താനാകാതെ
വളഞ്ഞ കൊമ്പുകളെ
അലങ്കാരമായ് ചുമക്കുന്ന
വീട്ടെരുമകളോട്
അവയ്ക്കെന്തെങ്കിലും
പറയാനുണ്ടാകില്ലേ?
ഉള്‍ക്കാടുകളില്‍
വളഞ്ഞുപുളഞ്ഞ
കൊമ്പിന്‍ഭാരം
വെറുതേ പേറുന്ന
കലമാനുകളോട്
തീര്‍ച്ചയായും.

3

അതുപോലല്ലെങ്കിലും
ഈ വരാല്‍
നമ്മോടും പറയുന്നുണ്ട്.
എല്ലാ തോല്‍ വിയിലും
കൊഴുപ്പു പോലെ
നാം ഉപയോഗിക്കുന്ന
ഒരു വാക്കിനെപ്പറ്റി.
ഭീതിയുടെ
ചെളി ചവിട്ടുമ്പോലെ,
തൊട്ടിലാടും പോലെ,
ആ വാക്കിന്റെ ചെലവില്‍
നാം വഴുവഴുക്കുന്നതിനെപ്പറ്റി.
അയ്യോ എന്ന
ആ വാക്കുകൊണ്ട്
നമുക്ക്
അപ്പം ചുടാനാകില്ല.
പക്ഷേ
അപ്പം കരിയുന്നു
എന്ന് ലോകത്തെ
അറിയിക്കാനാകും

സ്വന്തം കവിത
മാതൃഭൂമി ആഴ്ചപ്പതിപ്പ്
2009 മാര്‍ച്ച് 29

Saturday, January 3, 2009

കോങ്കണ്ണന്‍

സത്യം.
ടീച്ചറുടെ മുഖത്തേയ്ക്കായിരുന്നു
ഞാന്‍ നോക്കിയത്.
കൂടിവന്നാല്‍ മൂക്കിലേയ്ക്ക്.
എന്നിട്ടും
ക്ലാസ്സില്‍ നിന്നെന്നെ ഇറക്കിവിട്ടു.

മാപ്പുപറയാന്‍
അച്ഛന്‍ എനിക്കില്ലായിരുന്നു.
അമ്മയ്ക്ക് സുഖമില്ലായിരുന്നു.
കൂട്ടുവിളിച്ചപ്പോള്‍
തെരുവിലെ മാമന്‍ പറഞ്ഞു:

എടാ
കോങ്കണ്ണന് സ്കൂളില്‍നിന്ന് തല്ലു കൊള്ളും.
ചന്തയില്‍നിന്ന് ആട്ടുകിട്ടും.
ജീവിതം
ആരോ കാര്‍ക്കിച്ചുതുപ്പിയ കഫമായി
അവന്റെ മുഖത്ത്
എന്നും ഇരിക്കും

ആ മാമന്റെ ചായക്കടയില്‍
ഞാന്‍ ചുട്ട ദോശയുടെ വക്ക് പാളി.
മെനഞ്ഞ സമൂസയുടെ മുനയൊടിഞ്ഞു.
വട പരിധി ലംഘിച്ചു.
മുഖത്തെ കഫം
ഉണങ്ങിയതോ
കൊഴുത്തതോ എന്നു നോക്കാന്‍
അയാളും എന്നെ പുറത്താക്കി.
പക്ഷേ
ഞാനെന്നെ വെറുത്തില്ല.
കണ്ണിനെ വെറുത്തു.

ഒറ്റ്യ്ക്കൊറ്റയ്ക്കു നോക്കുമ്പോള്‍
ശരിതന്നെ.
എല്ലാ നോട്ടുകളും ചതുരത്തില്‍.
എല്ലാ ലാത്തികളും ഉരുണ്ട്.
പക്ഷെ
ഒന്നിച്ചു കാണുമ്പോള്‍
അവയുടെ അഗ്രം
ചക്രവാളം പോലെ വളയുന്നു.

അതിനാല്‍
കള്ളനോട്ടടിക്കാന്‍ പോയ
ഈ കോങ്കണ്ണന്‍
ഇപ്പോഴും പുറത്ത്.
അസാധുവായ
ഒരു നേത്രദാന പത്രിക പോലെ.
മറ്റുള്ളവരുടെ കഫത്തില്‍
സ്വന്തം ചോര പുരണ്ടാല്‍
ഉപ്പോ കൈപ്പോ
എന്നു പരിശോധിച്ച്.

ഈ കോങ്കണ്ണ്
എപ്പോഴും സൂര്യനെ
ഒരു കോണിലേയ്ക്ക് പിടിച്ചുവയ്ക്കുന്നു.
എന്റെ പങ്ക് ഭൂമിയെ
പ്രാന്തത്തിലാക്കുന്നു.
നടന്നിട്ടും നടന്നിട്ടും
എത്താത്ത ഒരകലത്തിലേയ്ക്ക്
ജീവിതത്തെ മാറ്റിവെയ്ക്കുന്നു.
പ്രതിബിംബത്തെപ്പോലും
തെറ്റായ്ക്കാണിച്ച്
ബോധം കലക്കുന്നു.
എന്നിട്ടും
ലോകത്തില്‍
അതുണ്ടാകുന്നു-നിലനില്‍ക്കുന്നു.

ഏതോ ഒരു കോങ്കണ്ണ്
നോക്കിയ പോലെ
വാക്കുകള്‍ ചിലപ്പോള്‍
വളയുന്നു.പുളയുന്നു.
ചേരാന്‍ പാടില്ലാത്തത്
തമ്മില്‍ ചേരുന്നു.

ആ വാക്കുകള്‍കോണ്ട്
പ്രാര്‍ത്ഥിക്കാന്‍ കണ്ണടയ്ക്കുന്ന
ഓരോരുത്തരുടെ ഉള്ളിലും
ആ പഴയ ദൈവങ്ങള്‍ തന്നെ എന്ന്
ടീച്ചറും മാമനും
എന്നെ പിടിച്ച പോലീസും നഗരവും
ആണയിടുന്നു.

പക്ഷേ,
നമുക്കറിയാം.
ഒരു കോങ്കണ്ണിന്റെ വ്യത്യാസം
ആ ദൈവങ്ങളെ പുത്തനാക്കിയിരിക്കുന്നു.


സ്വന്തം കവിത
മാതൃഭൂമി ആഴ്ചപതിപ്പ്
2009 ജനുവരി 4

Saturday, November 22, 2008

കള്ളന്‍

1
പകലുപോലുള്ള ഈ വീട്ടില്‍
എങ്ങനെ കയറും?
മതില്‍-നായ-കാവല്‍ക്കാരന്‍
എല്ലാം ഉറക്കമറ്റ നക്ഷത്രങ്ങള്‍.
ജനലുകള്‍ ചില്ലുകൊണ്ടല്ല,
ഇമയനക്കാത്ത കണ്ണുകള്‍ കൊണ്ട്.
ഉദ്യാനത്തില്‍ നിറയെ
പോലീസ് ചെടികള്‍.

എപ്പോള്‍ വെടിവരും,
എങ്ങനെ ചാകും
എന്നൊന്നും പറയാന്‍ വയ്യ.
പക്ഷെ,ഇപ്പോള്‍
ഈ മതിലുചാടും മുമ്പ്
ഞാന്‍ കള്ളനല്ല.
മനുഷ്യാവകാശത്തിന്റെ
അതിര്‍ത്തിയില്‍ നില്‍ക്കുന്ന
വെറും പൌരന്‍.
2
തുരങ്കങ്ങളെപ്പറ്റി
ആലോചിക്കേണ്ടിയിരിക്കുന്നു.
ഭൂമിക്കടിയില്‍
ഈ നഗരത്തിന്റെ പതിപ്പിനെപ്പറ്റി.
കൈചൂണ്ടികള്‍ സ്ഥാപിക്കണം.
ഈ വഴി ഇടത്തോട്ടു തിരിഞ്ഞാല്‍
പ്ലാനറ്റ് ജ്വല്ലറിയുടെ തെക്കേചുമരില്‍.
ഈ വഴി മുകളിലേയ്ക്കു കയറിയാല്‍
സെക്രട്ടറിയേറ്റിന്റെ ഇടത്തേബ്ലോക്കില്‍.
ഇത്,ഇതാണ്
റിസര്‍വ്വ്ബാങ്കിലേയ്ക്കുള്ളത്.
ഇത്
വാള്‍മാര്‍ട്ടിന്റെ ഉള്ളിലെത്തിയ്ക്കും.

അങ്ങനെ ചിന്തിച്ചാല്‍
കലയാകും, രാഷ്ട്രീയമാകും.
കള്ളനിതൊക്കെ പാടില്ലെന്നല്ല,
അതിനൊരു അതിര്‍ത്തിയുണ്ട്.
3
പകലാണെങ്കില്‍
വേഷം മാറിക്കടക്കാമായിരുന്നു.
കാവി ചുറ്റിയോ,
വാക്വംക്ലീനറിന്റെ ലിറ്ററേച്ചര്‍ കാണിച്ചോ,
പാര്‍ട്ടിസമ്മേളനത്തിന്റെ
രസീതു പിടിച്ചോ.
രാത്രി യാതൊരു സാധ്യതകളുമില്ല.
കള്ളന്റേതല്ലാതെ.

മഴ പെയ്താല്‍,
ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചാല്‍,
ഭൂമിയില്‍നിന്ന് ഒരിക്കല്‍ തൂത്തുമാറ്റിയ
ഇരുട്ടുകള്‍
ഓടിയെത്തിയേനെ.
എല്ലാവഴികളും കള്ളന്റേതായേനെ.
അപ്പോള്‍ കള്ളന്‍
കൈകൊണ്ട് കാണും,
വവ്വാലിനെപ്പോലെ പറക്കും,
മൂങ്ങയെപ്പോലെ ചില്ലയിലിരിക്കും,
ഇടിമിന്നല്‍ പോലെ ആഴ്ന്നിറങ്ങും.

ഓരോ വസ്തുക്കളില്‍നിന്നും
ഉടമയുടെ പേര്
തുടച്ചുമാറ്റും.
അപ്പോള്‍ ഭൂമി മുഴുവന്‍
ഭൂമിയുടേതു തന്നെയാകും.
അഥവാ
കള്ളന്റേതാകും.

അതിനാല്‍
കള്ളന്‍ എന്ന പേരിലല്ല കുഴപ്പം.
അര്‍ത്ഥത്തിലുമല്ല.
വിപരീതത്തിലാണ്.
നാശം.
ഈ പ്രതിസന്ധിയിലും
ദേ, വീണ്ടും കല,രാഷ്ട്രീയം!

4
കള്ളനുവേണ്ടിയല്ലെങ്കില്‍
പിന്നെ എന്തിനാണ്
നാണയം കണ്ടുപിടിച്ചത്?
ലോക്കറുകള്‍ പണിതത്?
എല്ലാദൂരങ്ങളും പണം കൊണ്ടളക്കുന്നത്?
യുദ്ധങ്ങളും പടക്കോപ്പുകളും
സൃഷ്ടിച്ചത്?
വായ്പകളും കരാറുകളും
ഉണ്ടായ്ക്കൊണ്ടിരിക്കുന്നത്?

കള്ളന്‍ എവിടേയും.
ദൈവത്തിന്റെ പ്രത്യയശാസ്ത്രം പോലെ.
അഥവാ
മൊബൈലില്‍ നിന്ന് മൊബൈലിലേയ്ക്ക്
കമ്പ്യൂട്ടറില്‍നിന്ന് കമ്പ്യൂട്ടറിലേയ്ക്ക്
നെയ്തുനെയ്തു മുന്നേറുന്ന
അദൃശ്യനായ എട്ടുകാലിയുടെ
വല പോലെ.

ആ കള്ളനാണ്
ഈ കള്ളനെ നിഴലിലാക്കിയത്.
അവനാണ്
ഞാന്‍ പ്രേമിച്ചവളെ
വിളിച്ചിറക്കിയത്.
ഞാന്‍ വളര്‍ത്തിയതിന്റെ
പാലു കുടിച്ചത്.
പ്ലാവില കാട്ടി,കുഞ്ഞുങ്ങളെ
അതിര്‍ത്തി കടത്തിയത്.
ഓരോ ധാന്യമണിയിലും
പോലീസിന്റെ പേരെഴുതിവെച്ചത്.
5
ഇനി ഒരു വഴിയേ ഉള്ളൂ.
അതിര്‍ത്തിയിലെ ഇല്ലിക്കാട്ടില്‍ നിന്നും
മുള്ളെടുക്കണം.
ഒഴുക്കുള്ള മുള്ള്.
ഒറ്റക്കുത്തിന്
കണ്ണുകളില്‍നിന്ന്
ഓര്‍മകളെ ഒഴിപ്പിക്കണം.

ജീവിക്കാന്‍ വേണം,ഈ ലോകത്തില്‍
കള്ളന്,
അന്ധതയുടെ ഇറ്റുനിഴല്‍.



സ്വന്തം കവിത
മാധ്യമം ആഴ്ച്ചപതിപ്പ്
2008 നവം.17

Thursday, July 17, 2008

അങ്ങനെയും ഒരു ലോകമുണ്ട്

അന്നേരം
മാര്‍ട്ടിന്‍ കൂപ്പര്‍ എന്ന മനുഷ്യന്‍
മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചു.
അവ
ലോകമെമ്പാടും പരന്നു.

ഒരിക്കല്‍
സംസാരിച്ചുമടുത്ത ഒരാള്‍
ഒരു കോള്‍ കട്ടുചെയ്തു.
തള്ളവിരലിന്റെ ഇടപെടല്‍
ഒരു വിനിമയത്തിന്റെ കഴുത്തുഞെരിച്ചു.
പിന്നീട്
ഓഫുചെയ്തും
സിംകാര്‍ഡ് മാറ്റിവച്ചും
കേട്ടില്ലെന്നു നടിച്ചും
പുതിയ ആളുകള്‍
പുതിയ ഉപകരണത്തില്‍
പഴയ ലോകത്തെ വിരിച്ചിട്ടു.
ഒരിക്കലല്ല,
വീണ്ടും വീണ്ടും.
അലക്സാണ്ടര്‍ ഗ്രഹാംബെല്‍ എന്ന മനുഷ്യന്‍
ഇരിപ്പുഫോണ്‍ കണ്ടുപിടിക്കും വരെ.

അതോടെ കൈയ്യിന്റെ കീശയുടെ
വേഗതയുടെ സൊല്ലയൊഴിഞ്ഞ്
ആളുകള്‍ തെരുവില്‍ നടന്നു.
ചിരിച്ചു.
അപരന്റെ നേര്‍ശബ്ദം
റിംഗ്ടോണിനേക്കാള്‍
സംഗീതത്തോടടുത്തു.

അങ്ങനെയും ഒരു ലോകമുണ്ട്.
മൊബൈല്‍ഫോണിനുശേഷം
ലാന്റ്ഫോണ്‍ കണ്ടുപിടിക്കപ്പെട്ട ലോകം.
അവിടെ ഒരിക്കല്‍
ടെലിഫോണ്‍ എറിഞ്ഞുടച്ച ഒരാള്‍ക്ക്
നോബല്‍ സമ്മാനം ലഭിച്ചേക്കും.

ഒച്ചയില്‍ നിന്നും
നിശ്ശബ്ദത കണ്ടെത്തിയതിന്.
വേഗതയില്‍നിന്നും
നിശ്ചലത ആവിഷ്കരിച്ചതിന്


സ്വന്തം കവിത
മാധ്യമം ആഴ്ചപതിപ്പ്
2008 ജൂലൈ 9

Saturday, June 7, 2008

സമയം മാഷ്

കോമ്പസ്സിന്റെ തുളയില്‍
പെന്‍സില്‍ കയറ്റിവച്ച്
എട്ടാംക്ലാസ്സില്‍
ഞാന്‍ കഷ്ടപ്പെട്ട് വരച്ച വൃത്തവും
മറ്റെല്ലാ വൃത്തങ്ങളും പോലെ
എന്തിലേയ്ക്കോ പ്രേരിപ്പിച്ചു.

ചുറ്റും രോമങ്ങള്‍ വരച്ച്
സൂര്യനാക്കാനോ
കുറുകേ ഒരു തെങ്ങോല വരച്ച്
ചന്ദ്രനാക്കാനോ
ഒന്നും വരയ്ക്കാതെ
സുന്ദരിയായ സഹപാഠിനിയുടെ മുഖം
അതിലേയ്ക്ക് ആവാഹിക്കാനോ.

ഇടത്തേചെവി കൈയ്യിലെടുത്ത്
ഒരു അര്‍ദ്ധവൃത്തം വരച്ച്
ബാലമ്മാഷ് പറഞ്ഞു.
“നോക്കിയിരിക്കാതെ
പന്ത്രണ്ടായ് വിഭജിക്കെടാ”

ക്ലോക്കിനുശേഷം ജനിച്ച
കുട്ടികള്‍ക്ക്
എന്തെല്ലാം സഹിക്കേണ്ടി
വന്നിരിക്കുന്നു.
ലോകത്തെ
പന്ത്രണ്ടില്‍ തികച്ച് വായിക്കാന്‍.

എന്നിട്ടും ബാലമ്മാഷേ,
ഈ സമയമെന്തെന്ന്
തീരെ പിടികിട്ടുന്നില്ല.
നീണ്ട വേദനകളെ
അളക്കുന്ന ഉപകരണമോ?
നിറയെ നക്ഷത്രങ്ങളും മെഡലുകളുമുള്ള
ഒരു യൂണിഫോമിന്റെ
ആദ്യം പൂട്ടുന്ന
ആദ്യം തുറക്കുന്ന
ഏറ്റവും മുകളിലെ ബട്ടണോ?
സ്കൂളിലേയ്ക്ക് കുട്ടികള്‍
കുത്തിനിറച്ച് കൊണ്ടുപോകുന്ന
ബാഗില്‍ക്കയറാന്‍ മറന്ന
ചോറ്റുപാത്രമോ?
അല്ലെങ്കില്‍
മക്കളും നാട്ടുകാരും ചേര്‍ന്ന്
മാഷെ ഇറക്കിവച്ച
മണ്ണില്‍ നിന്ന് അരയടിപൊങ്ങിയ
കല്ലറയോ?

അറിഞ്ഞുകൂടാ.

പക്ഷെ
എന്നും രാവിലെ
മങ്ങിയ കണ്ണാടിക്കു മുന്നില്‍
റേസര്‍ പായിച്ച്
നരച്ച രോമങ്ങള്‍ പിഴുതുകളയുമ്പോള്‍
സമയം എന്തെന്ന്
കുറേശ്ശെ മനസ്സിലാക്കുന്നു.
ഇടയ്ക്ക് പാളുമ്പോള്‍
ചരിത്രമെന്തെന്ന് ശരിയ്ക്കും.


സ്വന്തം കവിത

Sunday, April 20, 2008

സെന്‍ ഉത്തരങ്ങള്‍

നിങ്ങള്‍
സന്തോഷവാനായതിനാല്‍
ഈ ശീതളപാനീയം
കവിള്‍
കവിളായി
കടലാസുകുഴലിലൂടെ
കുടിക്കുന്നു.
ഈ ശീതളപാനീയം
കവിള്‍
കവിളായി
കടലാസുകുഴലിലൂടെ
കുടിക്കുന്നതിനാല്‍
നിങ്ങള്‍
സന്തോഷവാനാകുന്നു.
അപ്പോള്‍
സ്വത്വത്തേയും പ്രേമത്തേയും മരണത്തേയും
പറ്റി എന്ത്?
ഈ ശലഭപ്പുഴു:
ഞാന്‍
മരണത്തെ സ്നേഹിക്കുന്നു.
പൂമ്പാറ്റയായിത്തീരുന്നു.


ഗോപാല്‍ ഹൊണാല്‍ഗെരെ
വിവ:പി.എന്‍.ഗോപീകൃഷ്ണന്‍

Monday, April 7, 2008

അതിരപ്പിള്ളിക്കാട്ടില്‍

അതിരപ്പിള്ളിക്കാട്ടില്‍
സാന്ധ്യപ്രകാശത്തില്‍
ഒരു വൃക്ഷത്തെക്കണ്ടു.

തഞ്ചാവൂരിലെ ക്ഷേത്രഗോപുരത്തേക്കാള്‍
കൊത്തിയെടുത്ത വിരിവും
കടലിനോളം ഓളങ്ങളുള്ള ഉയിരും
പര്‍വതങ്ങളേക്കാള്‍
വലിപ്പമുള്ള ഓര്‍മ്മകളും.

കാണെക്കാണെ
ഭീതിയുടെ ഞരമ്പുവീക്കത്താല്‍
തൊലിതിണര്‍ത്ത്
കൊത്തുപണികള്‍ അഴിഞ്ഞുവീണു.
കാലുകള്‍ മുറിഞ്ഞുപോയ ഒരു വംശം
ഓടിപ്പോകാനാകാതെ
അതിനുള്ളില്‍ നിശബ്ദമായ് നിലവിളിച്ചു.

ഇനി
മുപ്പതോ നാല്‍പ്പതോ കൊല്ലം മാത്രം
ആയുസ്സുള്ള ഒരു മന്ത്രിയും
വെറും നൂറുകൊല്ലത്തെ സാങ്കേതികത
നാലുകൊല്ലം കൊണ്ടു പഠിച്ച വിദഗ്ദ്ധരും ചേര്‍ന്ന്
ഒരു ദിവസം മാത്രം
ആയുസ്സുള്ള പത്രത്തില്‍
പടുത്തുയര്‍ത്തിയ അണക്കെട്ടിന്
രാത്രി കഴിക്കാനുള്ള
ഒരു ടീസ്പൂണ്‍ മരുന്നു മാത്രമായ്
അത്
പെട്ടെന്ന് ചുരുങ്ങി.

അതെ.
ആനകളെക്കൊന്ന്
ഈച്ചകള്‍ എഴുതുന്ന നാഗരികതയില്‍
വൈദ്യുതി അത്യാവശ്യം തന്നെ.
കണ്ണാടികള്‍ക്കു മുന്നിലും
തീന്‍ മേശയിലും
നൃത്തം ചെയ്യാന്‍ മാത്രമല്ല,
പിന്നാമ്പുറത്ത് വെളീച്ചം വിതറാനും.

വൃക്ഷമേ,വൃക്ഷമേ
പിന്നാമ്പുറത്ത് കൂട്ടിയിട്ടിട്ടുണ്ട്.
ലോകത്തെ ഈച്ചകള്‍ മുഴുവനും
തിന്നാലും തിന്നാലും
തീരാത്ത തീട്ടം.


സ്വന്തം കവിത
2008 ഏപ്രില്‍ 7
മാധ്യമം ആഴ്ചപ്പതിപ്പ്